Wednesday, May 30, 2007

ചാര്‍മിനാറിന്റെ ഗേറ്റ്

ഹൈദ്രാബാദില്‍ വന്നിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും ചാര്‍മിനാര്‍ കാണണമെന്ന് തോന്നിയിട്ടില്ല.
സഹമുറിയന്‍ സുഹൃത്താണ് ചാര്‍മിനാര്‍ കാണാനുള്ള ആഗ്രഹം എന്നിലുണര്‍ത്തിയത്.
കല്യാണമൊക്കെ കഴിഞ്ഞാല്‍ എങ്ങനെയായാലും നാട്ടീന്ന് ആരെങ്കിലുമൊക്കെ എത്താന്‍ സാധ്യതയുണ്ട്.അതുകൊണ്ട് നേരത്തേ കാലത്തേ കുറച്ച് സ്ഥലങ്ങളൊക്കെ മനസ്സിലാക്കി വെയ്കുന്നത് നല്ലതാണന്ന് എന്റെ കുഞ്ഞു ബുദ്ധി എന്നെ അറിയിച്ചു.അതിന്‍പ്രകാരം ഞാനും സുഹൃത്തും കൂടി ചാര്‍മിനാറിനുള്ള ബസ് കയറി. നേരിട്ടുള്ള ബസ്സായതിനാല്‍ ഉപകാരമായി. ആരോടും വഴി ചോദിച്ച് മെനക്കെടേണ്ട കാര്യവുമില്ല. .അവസാന സ്റ്റോപ്പിലിറങ്ങിയാല്‍ മതി.അല്ലെങ്കിലും ചോദിക്കാന്‍ പോയാല്‍ കൂടുതല്‍ കൊളമാകത്തേയുള്ളു എന്ന് ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചിട്ടുള്ളതുമാണ്.നേരാംവണ്ണം ഹിന്ദിയോ തെലുങ്കോ,ഇംഗ്ലീഷോ സുഹൃത്തിനറിയില്ല എന്ന് എനിക്കറിയാം. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ.

ബസിറങ്ങി കുറച്ച് മുന്നോട്ട് നടന്നു.ഇടതു വശത്ത് മനോഹരമായൊരു കെട്ടിടം. കണ്ടിട്ട് പള്ളിപോലെയൊക്കെ തോന്നുന്നു. കെട്ടിടത്തിനു മുന്‍വശം നിറയെ പ്രാവുകള്‍. പ്രാവുകളേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍. എല്ലാവരും ചാര്‍മിനാര്‍ കാണാന്‍ വന്നവരായിരിക്കണം.
ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. “നല്ല ഭംഗിയുണ്ടല്ലേ ചാര്‍മിനാറിന്” അവനും തലകുലുക്കി സമ്മതിച്ചു.
കുറെനേരം അവിടെയൊക്കെ കറങ്ങിയടിച്ച് നടന്നു ഞങ്ങള്‍ രണ്ടുപേരും.

സുഹൃത്ത് സന്തോഷവാനായി. ഞാന്‍ അതിലേറെ സന്തോഷിച്ചു.ഇനിയിപ്പൊ നാട്ടീന്ന് ആരുവന്നാലും ഒരു പ്രശ്നോമില്ല. ചാര്‍മിനാറല്ല അതിന്റെ അടിക്കല്ലു വരെ ഞാന്‍ കാട്ടിക്കൊടുക്കും.

കല്യാണം കഴിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങി. ആഷയ്ക്കും അവടാങ്ങളയ്ക്കും, അച്ഛനും അമ്മയ്ക്കുമെല്ലാം ചാര്‍മിനാര്‍ കാണണം.ഹൈദ്രാബാദ് വരെ വന്നിട്ട് ചാര്‍മിനാര്‍ കണ്ടില്ലാന്ന് വെച്ചാല്‍ അതിന്റെ പോരായ്മ് എനിക്ക് കൂടിയല്ലേ?
ഹൈദ്രാബാദിന്റെ മുക്കും മൂലയും പോലുമറിയാവുന്ന എന്നോടാ കളി!
ഞാന്‍ റെഡിയായി.
എല്ലാരെയും കൊണ്ട് ചാര്‍മിനാറിനു മുന്നില്‍ നിര്‍ത്തി.ചാര്‍മിനാറിനെ കുറിച്ച് കേട്ടിട്ടുള്ളതും കേള്‍ക്കാത്തതുമായ കുറേ കഥകളും പറഞ്ഞുകൊടുത്തു.
കുഞ്ഞളിയന്‍ പടം പിടിക്കാനുള്ള തിരക്കിലായിരുന്നു. നാട്ടില്‍ കൊണ്ട് കാണിക്കേണ്ടതല്ലേ!
ഫിലിം തീരാറായപ്പോള്‍ കുഞ്ഞളിയനൊരാഗ്രഹം.
“അളിയാ, ആ പൊറകീ കാണുന്ന ഗോപുരം പോലത്തെ കെട്ടിടമില്ലേ അതിനെ ബാക്ഗ്രൗണ്ട് ആക്കി എന്റേം ആച്ചീടേം ഒരു പടമെടുക്കണം.”

അപ്പോഴാണ് ആഷയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്.
അവളെന്നോട് ചോദിച്ചു.“അല്ല. അതേതാ കെട്ടിടം?”

ഞാനും അപ്പോഴാണത് ശ്രദ്ധിച്ചത്. പുറകില്‍ ഒരു വലിയ ഗോപുരം. അറിയാന്‍ പാടില്ലന്ന് പറയുന്നത് ശരിയല്ലന്ന് തോന്നി. അച്ഛനും അമ്മയും എന്തു വിചാരിക്കും എന്നെക്കുറിച്ച്.

“അതോ ചാര്‍മിനാറിന്റെ ഗേറ്റാ.” ഞാന്‍ തട്ടിവിട്ടു.

ചാര്‍മിനാറിനേയും,ചാര്‍മിനാറിന്റെ ഗേറ്റിനെയുമെല്ലാം കാമറയ്ക്കുള്ളിലാക്കിയതിന്റെ സന്തോഷത്തില്‍ അളിയനും അച്ഛനും അമ്മയുമെല്ലാം നാട്ടിലേയ്ക്ക് മടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച രാവിലെ എട്ട് മണികഴിഞ്ഞുകാണും. എനിക്ക് നേരം പുലര്‍ന്നിട്ടില്ലാതിരുന്നതുകൊണ്ട് പുതപ്പിനുള്ളില്‍ നിന്നും തല പുറത്ത് കാണിക്കാതെ ഞാന്‍ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
അപ്പോഴാണ് ആഷയുടെ വിളി.
രാവിലെ എണിറ്റ് ശല്യം തുടങ്ങി. ഒരു ബെഡ് കോഫിയെങ്കിലും ഉണ്ടാക്കിതന്നുകൂടെ ഇവള്‍ക്ക്. മനസ്സില്‍ തോന്നിയ അഭിപ്രായം പുറത്ത് കാണിക്കാതെ ഞാന്‍ പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേയ്ക്കിട്ടു.
“ദാ ഇങ്ങോട്ടൊന്നു വന്നേ ഒരു രസം കാണിച്ചു തരാം.”
വെളുപ്പാന്‍ കാലത്താണ് അവളുടെയൊരു രസം. ഞാന്‍ കണ്ണും തിരുമ്മി അവളുടെ അടുക്കലേയ്ക്ക് ചെന്നു.
അന്നത്തെ പത്രമെടുത്ത് അവളെന്റെ കൈയില്‍ തന്നു.
“ദേ ഒന്നു നോക്കിക്കേ ചാര്‍മിനാറിന്റെ പടമിതില്‍ കൊടുത്തിട്ടുണ്ട്.”
അത്രേ ഒള്ളോ. ഞാന്‍ പത്രം വാങ്ങി നോക്കി.
എന്താ പറയേണ്ടതെന്നറിയില്ല. ഞാനാകെ വെട്ടി വിയര്‍ത്തു. പത്രത്തില്‍ ഞാന്‍ കാണിച്ച ചാര്‍മിനാറിന്റെ ഗേറ്റ്!
പത്രത്തില്‍ നിന്നും തലയെടുക്കാതെ തന്നെ ഞാനവളെയൊന്നു നോക്കി.

അവളുടെയൊരു ചിരി...ആക്കിയുള്ള ചിരി...എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലൊരു തോന്നല്‍.
ഒരബദ്ധം ഏത് മണ്ടനും പറ്റാം!

കുട്ടിനിക്കറുമിട്ട് അപ്പുക്കുട്ടന്‍ തോട്ടിലെ വെള്ളത്തിലേയ്ക്ക് മലക്കം മറിയുന്ന ലാഘവത്തോടെ ഞാനൊരു ചാട്ടം ചാടി. കട്ടിലിലോട്ട്. പിന്നെ മുടിപോലും പുറത്ത് കാണിക്കാതെ പുതപ്പിനുള്ളില്‍ നിദ്ര തുടര്‍ന്നു.



( ഞാന്‍ കാണിച്ച് കൊടുത്ത ചാര്‍മിനാറില്‍ ആയിരുന്നു ഈയിടെ ബോംബ് സ്ഫോടനമുണ്ടായത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ മെക്കാ മസ്ജിദ് എന്ന് വിളിക്കാം.)

Saturday, May 26, 2007

ആലിപ്പഴം

ഹൈദരാബാദിൽ കഴിഞ്ഞ മാസം ഉത്ഭവിച്ച ആലിപ്പഴം





എന്റെ ഒരു സുഹൃത്തിന്റെ വക സംഭാവന