Sunday, March 25, 2007

വീണ്ടും ലിംഗപ്പ

ബോസ്സ് പ്ലാന്റിലെ തന്റെ ഓഫീസിലേയ്ക്ക് വന്നതാണ്. പക്ഷേ ഓഫീസിന്റെ താക്കോലെടുക്കുവാന്‍ മറന്ന് പോയി. ബോസ്സിന് രണ്ട് റൂമുകളാണുള്ളത്. ഒന്ന് അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങിലും മറ്റേത് പ്ലാന്റിലും. താക്കോലെടുപ്പിക്കുവാന്‍ ആളെയും കാത്ത് ബോസ്സ് ക്വാളിറ്റി കണ്ട്രോള്‍ റൂമിലിരുന്നു.

ദാ വരുന്നു സാക്ഷാല്‍ ലിംഗപ്പ!

ബോസ്സ് സന്തോഷവാനായി. ലിംഗപ്പ അതിലേറെ സന്തോഷവാനായി. ബിഗ് ബോസ്സിനെ സേവിക്കാന്‍ കിട്ടിയ അവസരമല്ലേ. എങ്ങനെ സന്തോഷിക്കാതിരിക്കും? ബോസ്സ് ലിംഗപ്പയ്ക്ക് താക്കോലിന്റെ അടയാളവും പറഞ്ഞ് കൊടുത്തു. താക്കോലിന്റെ അറ്റത്ത് ഒരു വയര്‍ കെട്ടിയിട്ടുണ്ടത്രേ.

ലിംഗപ്പ പോയതിനേക്കാള്‍ വേഗതയില്‍ തിരിച്ചെത്തി. എന്തൊരു ഉത്തരവാദിത്ത ബോധം. കീഴ്ജീവനക്കാരായാല്‍ ഇങ്ങനെ വേണം. ബോസ്സ് സന്തോഷം പുറത്ത് കാണിക്കാതെ ലിംഗപ്പയോട് ചോദിച്ചു.

"കിട്ടിയോ?"

"ഇല്ല സാര്‍. ഞാന്‍ റൂം മുഴുവന്‍ നോക്കി. വയറിന്റെ അറ്റത്തുണ്ടന്നല്ലേ സാര്‍ പറഞ്ഞത്. ഫോണിന്റെ വയര്‍ മാത്രമേ അവിടെ കാണുന്നുള്ളു. സാര്‍ തന്നെ നോക്കിയെടുത്തോളൂ. ഞാന്‍ മൊത്തം വയര്‍ കൊണ്ടുവന്നിട്ടുണ്ട്." ലിംഗപ്പ താന്‍ വലിച്ച് പറിച്ചെടുത്ത് കൊണ്ട് വന്ന ടെലിഫോണ്‍ വയര്‍ മുഴുവന്‍ മേശപ്പുറത്ത് വെച്ചു.

വേലിയേലിരുന്ന പാമ്പിനെ എടുത്ത് തലയില്‍ വെച്ചത് പോലെയായി ബോസ്സിന്റെ മുഖം.
സ്വതവേ ദേഷ്യക്കാരനായ ബോസ്സ് ചിരിക്കുന്നത് ലിംഗപ്പ കണ്ടു.സന്തോഷത്താല്‍ ലിംഗപ്പ ബോസ്സിനോട് ചോദിച്ചു.

"സാര്‍ ഓര്‍ കുച്ച്."

ബോസ്സ് രണ്ട് കൈയും കൂപ്പി ലിംഗപ്പയെ തൊഴുതുകൊണ്ട് പറഞ്ഞു.

"മുഛേ മാഫ് കീജിയേ ലിംഗപ്പ...മുഛേ മാഫ് കീജിയേ."

Saturday, March 17, 2007

എന്റെ ചര്‍മ്മം കണ്ടാല്‍....

ഞാനെത്തിപ്പോയ്..... break കഴിഞ്ഞിട്ടുള്ള ആദ്യത്തെ പോസ്റ്റ് ആണിത്. എന്തായാലും GATE കഴിഞ്ഞിട്ടെയുള്ളൂ ബ്ലോഗ്ഗിങ്ങ് എന്ന് ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ടായിരുന്നതിനാല്‍ കുറച്ചു കാലത്തേക്ക് വിട്ടു നില്‍ക്കേണ്ടതായി വന്നു.

ജീവിതം ക്ളച്ച് പിടിക്കും (പച്ച പിടിക്കും എന്ന് കേരളത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍) എന്ന പ്രതീക്ഷയോടെയാണ് ഹൈദരാബാദില്‍ കാലു കുത്തിയത്. പല നല്ല മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും (അതു പയ്യെ എന്റെ ബ്ലോഗ്ഗില്‍ ഇടാം, എല്ലാം ഇവിടെ പറഞ്ഞാല്‍ പിന്നെ "ഞാന്‍..." എന്നാ ചെയ്യും....) എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

ഇതൊരു കഥയല്ല, നടന്ന സംഭവമാണ്. എനിക്ക് പറ്റിയൊരു അമളി എന്നും പറയാം. പക്ഷെ, ഈ അമളിയില്‍ എനിക്ക് കാര്യമായ മാനഹാനി സംഭവിച്ചിട്ടില്ല, ഇനിയൊട്ടു സംഭവിക്കുകയുമില്ല (അതു കൊണ്ട് തന്നെയാണ് വെച്ച് കാച്ചുന്നതും). സംഭവം നടന്നത്, 2007 February 11, ഞായറാഴ്ച്ച. അന്ന് എനിക്ക് GATE പരീക്ഷയാണ്. മാത്രവുമല്ല, ഹൈദരബാദ് ബ്ലോഗ്ഗേഴ്സ് മീറ്റുമാണ്. ഉച്ചയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ ഞാന്‍ സതീശേട്ടനെ ഫോണില്‍ വിളിച്ച് ബസ്സിന്റെ നംന്പറും മറ്റുമൊക്കെ ചോദിച്ച് മനസ്സിലാക്കി. ബസ്സും കാത്ത് കാത്ത് ഞാനൊര് അര മണിക്കൂര്‍ നിന്നു. "അല്ലെങ്കില്‍ 'ബൊറബന്‍ഡ'-യിലേക്ക് എപ്പോഴും ബസ്സ് ഉള്ളതാണ്,...... ഇതാണ്, മനുഷ്യന്‍ എവിടെയെങ്കിലും പോകുവാന്‍ നില്‍ക്കുന്പോഴാണ്..." എന്നൊക്കെ പ്രാകി കഴിഞ്ഞപ്പോള് അതാ ഒരു ബസ്സ്.

ബസ്സില്‍ ഒടുക്കത്തെ തിരക്ക്. എങ്ങനെയൊക്കെയോ കുറച്ച് കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. അങ്ങനെ പോവുകയാണ്, ഒരു പത്ത് മുപ്പത് കിലോമീറ്റര്‍ പോയിട്ടുണ്ടാകും. ഹൈദരാബാദ് ഇത്രയ്ക്കും വലിയ സിറ്റിയാണെന്ന് അപ്പോഴാണ് മനസ്സിലായത്. (ഞങ്ങളുടെ കൊല്ലത്താണെങ്കില്‍ പത്ത് കിലോമീറ്റര്‍ പോയാല്‍ അടുത്ത സിറ്റിയായി.... മയ്യനാട് സിറ്റി, ചിന്നക്കട സിറ്റി, തങ്കശ്ശേരി സിറ്റി....ശ്ശോ!!!....നമ്മള്‍ പുലികള്‍ തന്നെ, അല്ലെ പോളേട്ടാ....)

ഹിന്ദിയിലുള്ള എന്റെ പ്രാവീണ്യം പറയുകയെ വേണ്ട. ഞാന്‍ ഹിന്ദി പറഞ്ഞു തുടങ്ങുന്പോള്‍ ഹിന്ദി അറിയാവുന്നവര്‍ ചിരിച്ചു തുടങ്ങും (ഹാ ഹെ ഹൈ ഹും ഒക്കെ എല്ലാ വാക്യങ്ങളുടെയും അവസാനം കാണും). ഭാഗ്യം കൊണ്ട് അവസാനത്തെ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. എന്തായാലും എങ്ങനെയൊക്കെയോ വീട്ടിലെത്തി. അവിടെ പോളേട്ടനും കുടുംന്പവും, വിശിഷ്ടാത്ഥി ശ്രീജിത്തും ഉണ്ടായിരുന്നു. പിന്നെ വേറൊരാളും, ഭയങ്കര size-ഉം വലിയ കഷണ്ടിയുമൊക്കെ ഉള്ള ഒരാള്‍ , ശ്രീജിത്തിന്റെ അമ്മാവനോ മറ്റോ ആയിരിക്കും. എല്ലാവരെയും നോക്കി ഞാനൊന്നു മന്ദഹസിച്ചു.

അമ്മാവനെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി, ശ്രീജിത്തിന്റ് അമ്മാവനല്ല, ബ്ലോഗ്ഗര്‍ തന്നെയാണ്, ആനപ്രേമി.
"ഛെ!.. ഞാനെന്തൊരു മണ്ടന്‍..ഇപ്പോള്‍ അബദ്ധം പറ്റിയെനെ...ഭാഗ്യം ആരും അറിഞ്ഞില്ല. എന്നാലൂം ഈ പ്രായത്തിലും ബ്ളോഗ്ഗ് എഴുതുന്ന ഈ അമ്മാവനെ സമ്മതിച്ചു കൊടുക്കണം"

പുള്ളികാരനാണെങ്കില്‍ ഒടുക്കത്തെ ജോളി. വളരെ ആക്ടിവ് ആയിട്ടിരിക്കുന്നു. "ഹൊ എന്താ ചെയ്ക, കിളവന്‍മാരൊക്കെ ഇങ്ങനെ ആക്ടിവ് ആവുകയാണെങ്കില്‍, ഇപ്പോ തന്നെ competition അധികമുള്ള ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്നെ പ്രയാസം". പുള്ളിക്കാരന് ഒരല്പം ബഹുമാനക്കൂടതല്‍ ഒക്കെ നല്‍കി കൊണ്ട് ഞാന്‍ side-ല്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഇവിടെ മെക്കാനിക്കല്‍ ഭൂരിപക്ഷം ആണെന്ന്, ഞാനും ആനപ്രേമിയും, സതീഷേട്ടനും ഒക്കെ മെക്കാനിക്കല്‍ തന്നെ. ഉടനെ തന്നെ ഞാന്‍ കോളേജ് ചോദിച്ചു, പുള്ളിക്കാരന്‍ കോട്ടയം RIT-യില്‍ നിന്നൂം പാസ്സായതാണ്.

ഞാന്‍ ചോദിച്ചു,"മാഷ് ഏത് ബാച്ചാണ്"

ആനപ്രേമി പറഞ്ഞു,"2001"

ഒരു നിമിഷത്തേക്ക് എന്റെ ഹൃദയമിടിപ്പൊന്ന് നിന്നു പോയി.

"അമ്മെ!....2001-ഓ...പക്ഷെ..അല്ല..ഈ...അയ്യൊ!...പ്രായം....കഷണ്ടി..ഹൊ" . എനിക്കബദ്ധം പിണഞ്ഞു എന്നെനിക്ക് മനസ്സിലായെങ്കിലും അത് പുറത്ത് കാണിക്കുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് "ഇതെനിക്ക് നേരത്തെ അറിയാമായിരുന്നു" എന്ന ഭാവേനെ ഞാന്‍ അവിടെയിരുന്നു. "കുറച്ച് ബഹുമാനം ഞാന്‍ അധികം കൊടുത്തു പോയല്ലോ?... പ്രോട്ടോകോള്‍ പ്രകാരം പോളേട്ടന്‍ കൊടുക്കേണ്ട ബഹുമാനമായിരുന്നു അമ്മാവന്......ശ്ശെ ആനപ്രേമിക്ക് കൊടുത്തത്"

എന്നാലും ആനപ്രേമി മാഷെ, ഇതു പൊലെ ഒരു shock എന്റെ ജീവിതത്തില്‍ ഇതാദ്യമായിട്ടാണ്. ഒരു തരത്തില്‍ നമ്മള്‍ രണ്ട് പേരും ഒരു പോലെയാണ്. മാഷിനെ കണ്ടാല്‍ പ്രായം അധികം തോന്നിപ്പിക്കും, എന്നെ കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ല.....ഏതാണ്ട് എനിക്ക് കിട്ടിയ പോലത്തെ shock, ഞാന്‍ പലര്‍ക്കും കൊടുത്തിട്ടുള്ളതാണ്. അവസാനം എന്റെ പിടലിക്ക് തന്നെ വന്നു വീണു.....

Sunday, March 4, 2007

ഹോളി വിശേഷാലു


അവനെത്തിപ്പോയി... കലക്കടാ വേഗം.കൂടുതല്‍ ദ്യശ്യങ്ങള്‍