Wednesday, May 30, 2007

ചാര്‍മിനാറിന്റെ ഗേറ്റ്

ഹൈദ്രാബാദില്‍ വന്നിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും ചാര്‍മിനാര്‍ കാണണമെന്ന് തോന്നിയിട്ടില്ല.
സഹമുറിയന്‍ സുഹൃത്താണ് ചാര്‍മിനാര്‍ കാണാനുള്ള ആഗ്രഹം എന്നിലുണര്‍ത്തിയത്.
കല്യാണമൊക്കെ കഴിഞ്ഞാല്‍ എങ്ങനെയായാലും നാട്ടീന്ന് ആരെങ്കിലുമൊക്കെ എത്താന്‍ സാധ്യതയുണ്ട്.അതുകൊണ്ട് നേരത്തേ കാലത്തേ കുറച്ച് സ്ഥലങ്ങളൊക്കെ മനസ്സിലാക്കി വെയ്കുന്നത് നല്ലതാണന്ന് എന്റെ കുഞ്ഞു ബുദ്ധി എന്നെ അറിയിച്ചു.അതിന്‍പ്രകാരം ഞാനും സുഹൃത്തും കൂടി ചാര്‍മിനാറിനുള്ള ബസ് കയറി. നേരിട്ടുള്ള ബസ്സായതിനാല്‍ ഉപകാരമായി. ആരോടും വഴി ചോദിച്ച് മെനക്കെടേണ്ട കാര്യവുമില്ല. .അവസാന സ്റ്റോപ്പിലിറങ്ങിയാല്‍ മതി.അല്ലെങ്കിലും ചോദിക്കാന്‍ പോയാല്‍ കൂടുതല്‍ കൊളമാകത്തേയുള്ളു എന്ന് ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചിട്ടുള്ളതുമാണ്.നേരാംവണ്ണം ഹിന്ദിയോ തെലുങ്കോ,ഇംഗ്ലീഷോ സുഹൃത്തിനറിയില്ല എന്ന് എനിക്കറിയാം. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ.

ബസിറങ്ങി കുറച്ച് മുന്നോട്ട് നടന്നു.ഇടതു വശത്ത് മനോഹരമായൊരു കെട്ടിടം. കണ്ടിട്ട് പള്ളിപോലെയൊക്കെ തോന്നുന്നു. കെട്ടിടത്തിനു മുന്‍വശം നിറയെ പ്രാവുകള്‍. പ്രാവുകളേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍. എല്ലാവരും ചാര്‍മിനാര്‍ കാണാന്‍ വന്നവരായിരിക്കണം.
ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. “നല്ല ഭംഗിയുണ്ടല്ലേ ചാര്‍മിനാറിന്” അവനും തലകുലുക്കി സമ്മതിച്ചു.
കുറെനേരം അവിടെയൊക്കെ കറങ്ങിയടിച്ച് നടന്നു ഞങ്ങള്‍ രണ്ടുപേരും.

സുഹൃത്ത് സന്തോഷവാനായി. ഞാന്‍ അതിലേറെ സന്തോഷിച്ചു.ഇനിയിപ്പൊ നാട്ടീന്ന് ആരുവന്നാലും ഒരു പ്രശ്നോമില്ല. ചാര്‍മിനാറല്ല അതിന്റെ അടിക്കല്ലു വരെ ഞാന്‍ കാട്ടിക്കൊടുക്കും.

കല്യാണം കഴിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങി. ആഷയ്ക്കും അവടാങ്ങളയ്ക്കും, അച്ഛനും അമ്മയ്ക്കുമെല്ലാം ചാര്‍മിനാര്‍ കാണണം.ഹൈദ്രാബാദ് വരെ വന്നിട്ട് ചാര്‍മിനാര്‍ കണ്ടില്ലാന്ന് വെച്ചാല്‍ അതിന്റെ പോരായ്മ് എനിക്ക് കൂടിയല്ലേ?
ഹൈദ്രാബാദിന്റെ മുക്കും മൂലയും പോലുമറിയാവുന്ന എന്നോടാ കളി!
ഞാന്‍ റെഡിയായി.
എല്ലാരെയും കൊണ്ട് ചാര്‍മിനാറിനു മുന്നില്‍ നിര്‍ത്തി.ചാര്‍മിനാറിനെ കുറിച്ച് കേട്ടിട്ടുള്ളതും കേള്‍ക്കാത്തതുമായ കുറേ കഥകളും പറഞ്ഞുകൊടുത്തു.
കുഞ്ഞളിയന്‍ പടം പിടിക്കാനുള്ള തിരക്കിലായിരുന്നു. നാട്ടില്‍ കൊണ്ട് കാണിക്കേണ്ടതല്ലേ!
ഫിലിം തീരാറായപ്പോള്‍ കുഞ്ഞളിയനൊരാഗ്രഹം.
“അളിയാ, ആ പൊറകീ കാണുന്ന ഗോപുരം പോലത്തെ കെട്ടിടമില്ലേ അതിനെ ബാക്ഗ്രൗണ്ട് ആക്കി എന്റേം ആച്ചീടേം ഒരു പടമെടുക്കണം.”

അപ്പോഴാണ് ആഷയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്.
അവളെന്നോട് ചോദിച്ചു.“അല്ല. അതേതാ കെട്ടിടം?”

ഞാനും അപ്പോഴാണത് ശ്രദ്ധിച്ചത്. പുറകില്‍ ഒരു വലിയ ഗോപുരം. അറിയാന്‍ പാടില്ലന്ന് പറയുന്നത് ശരിയല്ലന്ന് തോന്നി. അച്ഛനും അമ്മയും എന്തു വിചാരിക്കും എന്നെക്കുറിച്ച്.

“അതോ ചാര്‍മിനാറിന്റെ ഗേറ്റാ.” ഞാന്‍ തട്ടിവിട്ടു.

ചാര്‍മിനാറിനേയും,ചാര്‍മിനാറിന്റെ ഗേറ്റിനെയുമെല്ലാം കാമറയ്ക്കുള്ളിലാക്കിയതിന്റെ സന്തോഷത്തില്‍ അളിയനും അച്ഛനും അമ്മയുമെല്ലാം നാട്ടിലേയ്ക്ക് മടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച രാവിലെ എട്ട് മണികഴിഞ്ഞുകാണും. എനിക്ക് നേരം പുലര്‍ന്നിട്ടില്ലാതിരുന്നതുകൊണ്ട് പുതപ്പിനുള്ളില്‍ നിന്നും തല പുറത്ത് കാണിക്കാതെ ഞാന്‍ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
അപ്പോഴാണ് ആഷയുടെ വിളി.
രാവിലെ എണിറ്റ് ശല്യം തുടങ്ങി. ഒരു ബെഡ് കോഫിയെങ്കിലും ഉണ്ടാക്കിതന്നുകൂടെ ഇവള്‍ക്ക്. മനസ്സില്‍ തോന്നിയ അഭിപ്രായം പുറത്ത് കാണിക്കാതെ ഞാന്‍ പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേയ്ക്കിട്ടു.
“ദാ ഇങ്ങോട്ടൊന്നു വന്നേ ഒരു രസം കാണിച്ചു തരാം.”
വെളുപ്പാന്‍ കാലത്താണ് അവളുടെയൊരു രസം. ഞാന്‍ കണ്ണും തിരുമ്മി അവളുടെ അടുക്കലേയ്ക്ക് ചെന്നു.
അന്നത്തെ പത്രമെടുത്ത് അവളെന്റെ കൈയില്‍ തന്നു.
“ദേ ഒന്നു നോക്കിക്കേ ചാര്‍മിനാറിന്റെ പടമിതില്‍ കൊടുത്തിട്ടുണ്ട്.”
അത്രേ ഒള്ളോ. ഞാന്‍ പത്രം വാങ്ങി നോക്കി.
എന്താ പറയേണ്ടതെന്നറിയില്ല. ഞാനാകെ വെട്ടി വിയര്‍ത്തു. പത്രത്തില്‍ ഞാന്‍ കാണിച്ച ചാര്‍മിനാറിന്റെ ഗേറ്റ്!
പത്രത്തില്‍ നിന്നും തലയെടുക്കാതെ തന്നെ ഞാനവളെയൊന്നു നോക്കി.

അവളുടെയൊരു ചിരി...ആക്കിയുള്ള ചിരി...എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലൊരു തോന്നല്‍.
ഒരബദ്ധം ഏത് മണ്ടനും പറ്റാം!

കുട്ടിനിക്കറുമിട്ട് അപ്പുക്കുട്ടന്‍ തോട്ടിലെ വെള്ളത്തിലേയ്ക്ക് മലക്കം മറിയുന്ന ലാഘവത്തോടെ ഞാനൊരു ചാട്ടം ചാടി. കട്ടിലിലോട്ട്. പിന്നെ മുടിപോലും പുറത്ത് കാണിക്കാതെ പുതപ്പിനുള്ളില്‍ നിദ്ര തുടര്‍ന്നു.



( ഞാന്‍ കാണിച്ച് കൊടുത്ത ചാര്‍മിനാറില്‍ ആയിരുന്നു ഈയിടെ ബോംബ് സ്ഫോടനമുണ്ടായത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ മെക്കാ മസ്ജിദ് എന്ന് വിളിക്കാം.)

23 comments:

Sathees Makkoth | Asha Revamma said...

പുതിയ പോസ്റ്റ്

ചാര്‍മിനാറിന്റെ ഗേറ്റ് കാണേണ്ടവര്‍ കടന്നു വരൂ.
ഹൈദ്രാബാദിനെ കുറിച്ചുള്ള സംശയങ്ങള്‍ ഹോള്‍‌സെയിലായും റീട്ടേയിലായും തീര്‍ത്തു കൊടുക്കപ്പെടും

കുട്ടിച്ചാത്തന്‍ said...

തേങ്ങാ....

ചാത്തനേറ്:

നാണയമില്ലേ സതീഷേട്ടാ... ഇതൊക്കെ സ്വന്തം ബ്ലോഗിലു പോസ്റ്റാന്‍ ചമ്മലാണോ?

ഓടോ: ആ ലാല്‍ബാഗ് എവിടായിട്ടു വരും ബാംഗ്ലൂരിലു
വന്നിട്ടു കൊല്ലം രണ്ടാകുന്നു ഇന്നേവരെ ങൂ ഹും..

സാരംഗി said...

ഹ ഹ ..പാവം ആഷ, ഇനിയും എന്തൊക്കെ പറഞ്ഞ് അതിനെ പറ്റിച്ചിട്ടുണ്ടോ എന്തോ...

സാജന്‍| SAJAN said...

ശ്ശേ, ചാത്തന്‍ പറഞ്ഞത് പോലെ, പട്ടയം കിട്ടിയ (മൂന്നാര്‍ മാതിരി അല്ല) മൂന്ന് സെന്റ് സ്ഥലവും.. അതില്‍ മനോഹരമായ ഒരു കൊട്ടകയും ഉള്ളപ്പോള്‍ നാണക്കേട് കോണ്ടാണോ സതീശാ ഈ ഷോ അവിടെ പ്രദര്‍ശിപ്പിക്കാതിരുന്നത്?
(പക്ഷേ ആഷേ കുഞ്ഞുന്നാളില്‍ ഈ ചാര്‍മിനാര്‍ സിഗരറ്റിന്റെ പാക്കറ്റിലുള്ള മുഖചിത്രം കണ്ടിട്ടില്ലേ?)എന്തായാലും.. നന്നായി എഴുതിയിരിക്കുന്നു...:):):)

ശ്രീ said...

"നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ മെക്കാ മസ്ജിദ് എന്ന് വിളിക്കാം."
നമുക്കു നിര്‍‌ബന്ധമൊന്നുമില്ല, അല്ലേ?

സതീശേട്ടാ.... അതു കലക്കി....

[പിന്നേയ്.... ചാത്താ.... ലാല്‍‌ ബാഗ് വേണമെങ്കില്‍‌ ഞാന്‍‌ കാട്ടിത്തരാം കേട്ടോ....]

ദിവാസ്വപ്നം said...

ഹ ഹ ഇന്ന് എല്ലാരും കോമഡിയാണോ :))

അപ്പു ആദ്യാക്ഷരി said...

സതീശാ‍..ഇത് കലക്കി. ഇന്നലെ വിചാരിച്ചതേയുള്ളു ഒരു ചാര്‍മിനാര്‍ പോസ്റ്റ് ഈ ഹൈദരാലുക്കള്‍ ഇട്ടിരുന്നെങ്കില്‍ എന്ന്.

ഓ.ടോ.. എട്ടുമണിയായാലും അവിടെ വെളുപ്പാം‌കാലമോ? ഇതേതു സ്ഥലം??

അജി said...

കൊള്ളാം :)

സൂര്യോദയം said...

സതീശാ.... :-)

തമനു said...

സതീശാ കഷ്ടം തന്നെ തന്റെ കാര്യം... നമ്മള്‍ എവിടെയായിരുന്നാലും നമ്മുടെ രാജ്യത്തിന്റെ എല്ലാ ചരിത്ര സ്മാരകങ്ങളേയും പറ്റി നല്ല അറിവുണ്ടായിരിക്കണം...

എങ്കിലും ചാര്‍മിനാര്‍ കാണാന്‍ ഹൈദരാബാദില്‍ നിന്നും ‘പഞ്ചാബ്’ വരെ പോകാന്‍ കാണിച്ച രാഷ്‌ട്രപരമോന്നുദ്ധാനകോത്സാഹം ശ്ലാഘനീയം തന്നേ.. (ചാര്‍മിനാര്‍ പഞ്ചാബില്‍ തന്നെയല്ലേ ... അല്ലേ ..? അല്ലാ ...?)

അപ്പൂസ് said...

:)
ഒരു ഫയങ്കരമാന ഓഫ്:
പഴയ ബോബനും മോളിയും തമാശയാ. തിരുന്വന്തോരത്തെവിടോ പോവാന്‍ ഓട്ടോ പിടിച്ച സായിപ്പ് കുറച്ചു കഴിഞ്ഞ് ഓട്ടോക്കാരനോട്, ഇവിടെ ഒരു സെക്രട്ടറിയേറ്റുണ്ടെന്നു കേട്ടിട്ടുണ്ട്, ഇപ്പോ ഞാന്‍ 3 എണ്ണമായല്ലോ കാണുന്നു?
ഓട്ടോക്കാരന്‍, തിരിഞ്ഞ്, മിണ്ടാതവിടിരി സായിപ്പേ, ഇനി ഏഴെണ്ണം കൂടെ കാണാന്‍ കിടക്കുന്നു അപ്പോഴാ..!

ആഷേച്ചിയേ അങ്ങനെ വല്ല് അനുഭവവും ?

ബീരാന്‍ കുട്ടി said...

ഒരു ഇസ്മയ്‌ലി എന്റെ വഹ.

അടുത്ത പ്രവശ്യം മൂന്നാറില്‍ പോയിട്ട്‌, ഇത്‌ രാജസ്ഥനാ എന്ന് പറയരുത്‌.

സുല്‍ |Sul said...

ഹെഹെഹെ കൊള്ളാം സതീശ്
ഒരു കളവിനും അതിക കാലം നിലനില്പില്ലെന്നു പുരിഞ്ചാ :)
-സുല്‍

Siju | സിജു said...

:-)
ചാര്‍മിനാര്‍ കാണാന്‍ പോയിട്ട് എനിക്കും ഇതു പോലൊന്ന് പറ്റിയാരുന്നു..
ഒരു ഫ്രണ്ടിന്റെ ബൈക്കെടുത്ത് ഒറ്റക്കാണ് കാണാന്‍ പോയത്. ചോദിച്ചു ചോദിച്ചു അവിടെ ചെന്നു ഇതു കണ്ടപ്പോള്‍ ചാര്‍മിനാറിന്റെ ഗേറ്റ് വല്ലോമായിരിക്കുമെന്നു കരുതി പിന്നേം നേരെ പോയി. ചോദിച്ചും പറഞ്ഞു തിരികെ വന്നപ്പോഴാ ഇതു തന്നെയാണ് ചാര്‍മിനാറെന്നു മനസ്സിലായത്..
ഞാന്‍ വല്യൊരു കെട്ടിടമായിരിക്കുമെന്ന് കരുതി നടന്നപ്പൊ ഇതൊരു കുഞ്ഞ് ചാര്‍മിനാര്‍..

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി ഒരുപാട്‌

കരീം മാഷ്‌ said...

“വെല്‍ക്കം ടു ഹൈദ്രാബാദ്!
നൈസ് ടു മീറ്റ് യു”
ഗൈഡ് പാര്‍ട്ടിയാ അല്ലെ! :)

aanapremi - ആനപ്രേമി said...

നിയമസഭാ മന്ദിരമാണെന്ന്‌ പറഞ്ഞ്‌ രവീന്ദ്ര ഭാരതി കാണിച്ചു കൊടുക്കാത്തത്‌ ഭാഗ്യം!!!!!

Jayesh/ജയേഷ് said...

ആശാന്മാരെ ഒരു അപരാധി കൂടി കലപിലയിലെയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നു. എന്റെ ചങ്ങാതിയും സഹോദരതുല്യനുമായ ശ്രീമാന്‍ . ഗിരീഷ്. ഇവിടെ ആനിമേറ്റര്‍ ആയി ജോലി ചെയ്യുന്നു നല്ല ഫോട്ടോഗ്രാഫര്‍ ആണ്‍ ഇതിന്റെ ആള്‍ ക്കാര്‍ ആരാണെന്ന് വച്ചാല്‍ ഒന്ന് ശരിയാക്കി കൊടുക്കന്‍ അപേക്ഷ

girishbabumail@gmail.com

Blog : camerablinks.blogspot.com

ഭൂമിപുത്രി said...

ഇന്നേവരെ ചാറ്മിനാറ് അടുത്തുനിന്നു കണ്ടിട്ടില്ല ഞാനും
ഇനിയിപ്പൊളീക്കഥയും ഓറ്ത്തുകൊണ്ടുപോകാമല്ലൊ

Sathees Makkoth said...

ആകട്ടെ ഭൂമിപുത്രി. നന്ദി.

Sherlock said...

ഹ ഹ ..അബദ്ധം സൂപ്പര്‍

Areekkodan | അരീക്കോടന്‍ said...

ഹ ഹ ..ഹ ഹ ..ഹ ഹ ..

ഇതു ഞാനാണേ.... said...

മാഷേ..ചാര്‍മിനാറിനു മൊത്തം എത്ര ഗേറ്റു കാണും?...
ചുമ്മാ ഒന്നറിഞ്ഞിരിക്കാനാണേ...