Sunday, November 4, 2007

പറയേണ്ടതേ പറയാവൂ...

ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലിത്.
ഞാനിവിടെ വന്ന കാലംമുതല്‍ തുടങ്ങിയതാണ്.
എന്തൊരു ശല്യമാണിത്.
ഇന്നും ചായകുടീം പാല് കുടീം ഒന്നും നടക്കില്ല.
ഞായ്റാഴ്ച ദിവസമല്ലേ,അവധിദിവസമല്ലേ,കൂടാതെ ചെറിയ രീതിയില്‍ തണുപ്പുമുണ്ടല്ലോ എന്നൊക്കെ കരുതി കിടന്നുറങ്ങിയാല്‍ ഇങ്ങനൊക്കെ തന്നെ സംഭവിക്കും.
വീട്ടുകാര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ സഹായം ചെയ്യണമെന്ന് എന്റെ മനഃസാക്ഷി എന്നോട് പറഞ്ഞത് പ്രകാരം ആഷ വന്നതിന് ശേഷവും ഞാനാണ് ഈ പണി ചെയ്യുന്നത്.
പറഞ്ഞ് പറഞ്ഞ് ഞാന്‍ കാടുകയറുകയാണല്ലോ?
ഇതു വരെ പണി എന്താണന്ന് പറഞ്ഞില്ല.

പണി ഇതാണ്. രാവിലെ കൃത്യം 5.30എന്ന സമയമുണ്ടങ്കില്‍ പാല്‍ക്കാരന്‍ പാല്‍ക്കവര്‍ കൊണ്ടുവന്ന് വീട്ടുപടിക്കലിടും.
ആദ്യകാലത്ത് ബെല്ലടിച്ച് ശല്യപ്പെടുത്തി ഉറക്കം കെടുത്തുമായിരുന്നു. ശല്യം സഹിക്കാതെ ഒരുനാള്‍ പാല്‍ക്കാരന് ലാസ്റ്റ് വാണിങ്ങ് നല്‍കി.
“എന്തോന്നാടേ, നിന്റെ പാല് വാങ്ങണതിന്റെ ശിക്ഷയാണോ ഇത്. മനുഷേന്റെ ഉറക്കം കെടുത്തുകയെന്ന് വെച്ചാല്‍...ഇനിയിതാവര്‍ത്തിച്ചാല്‍...”

പിന്നീടിതുവരെ അവനതാവര്‍ത്തിച്ചിട്ടില്ല.

അഥവ ആവര്‍ത്തിച്ചാല്‍ പാല്‍ക്കാര്‍ക്ക് വലിയ ക്ഷാമമില്ല എന്ന് അവനും അറിയാം. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആദ്യത്തെ തെലുങ്കനെന്ന നിലയ്ക്ക് എനിക്കവനോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെ തോന്നി. അതിപ്പോഴുമുണ്ട്. പഴകാര്യങ്ങളൊന്നും മറക്കരുതല്ലോ.

കൃത്യം 6 മണി എന്ന സമയമുണ്ടങ്കില്‍ കമ്പനിയില്‍ നിന്നും ഫോണ്‍ വരും. രാത്രിയില്‍ കമ്പനിയിലെന്തൊക്കെ നടന്നുവെന്ന വിവരണവും തന്ന് എന്റെ നെഞ്ചിടിപ്പും വര്‍ദ്ധിപ്പിച്ച് ഉറക്കവും കെടുത്തി വരുന്ന ഫോണ്‍ എന്ന എന്റെയീ ആജന്മശത്രുവിന് പാല്‍ക്കാരന് നല്‍കിയതുപോലത്തെ വാണിങ്ങ് നല്‍കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ അതെന്നും കൃത്യം 6 മണിയ്ക്ക് തന്നെ ചിലയ്ക്കും. ഉറക്കച്ചടവോടെ ഞാനെണീക്കും. ഫോണ്‍ അറ്റെന്റ് ചെയ്യാന്‍ എണീക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ടെനിക്ക്. പാല്‍ക്കവര്‍ മുടങ്ങാതെ എടുത്ത് വെയ്ക്കാം.
ഇന്നും പതിവുപോലെ പാല്‍ക്കവര്‍ എടുത്തുവെയ്ക്കാനായി വതില്‍തുറന്നതാണ് ഞാന്‍.
ശരിക്കും സങ്കടവും ദേഷ്യവുമെല്ലാം വന്നു. പാല്‍ക്കവര്‍ പൊട്ടി പാല്‍ നിലത്ത് വീണിരിക്കുന്നു.സുഭദ്രമായി തൂക്കിയിട്ടിരുന്ന തുണിസഞ്ചിയില്‍ നിന്ന് പാല്‍ നിലത്ത് ഇറ്റിറ്റ് വീണുകൊണ്ടിരിക്കുന്നു.
എന്താചെയ്യേണ്ടത് ഞാന്‍?
ഇന്നും ചായകുടി മുട്ടി.

ഇനിയല്‍പം ഫ്ളാഷ് ബാക്ക്....

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും എന്റെ സുഹൃത്തും കൂടിയായിരുന്നു താമസിച്ചിരുന്നത്. അന്തക്കാലത്തും ഇതുപൊലേ പാല്‍ക്കവര്‍ പൊട്ടാറുണ്ടായിരുന്നു. ആദ്യമൊക്കെ പാല്‍ക്കാരന്‍ ഞങ്ങള്‍ ബാച്ചിലേഴ്സിന് പൊട്ടിയ കവര്‍ കൊണ്ട് തരുന്നതാണെന്ന് കരുതി. പെണ്ണുങ്ങളുടെ നാവിനെ തെലുങ്കര്‍ക്കും പേടിയായിരിക്കുമെന്ന് ഞങ്ങള്‍ കരുതി.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ബാച്ചിലേഴ്സ് ആണന്ന് കരുതി എന്തും ചെയ്ത്കളയാമെന്ന് വെച്ചാല്‍...
പാല്‍ക്കാരനെ വിരട്ടി. പാവം പാല്‍ക്കവര്‍ പൊട്ടിയ കംപ്ളയ്ന്റ് കിട്ടിയാല്‍ എക്സ്ട്രാ പാല്‍ തരുവാന്‍ തുടങ്ങി.
തുടരെത്തുടരെ കവര്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ പാല്‍ക്കാരന്‍ കൈമലര്‍ത്തി.
"സാര്‍, ഇനി നിങ്ങള് വേറെ വല്ലോരെം ഏര്‍പ്പെടുത്തിക്കോ. ദെവസവും ഇങ്ങനെ എക്സ്ട്രാ തരുകയെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല."

പാല്‍ക്കാരനും കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് എങ്ങനേം കവറ് പൊട്ടുന്നതെങ്ങനെയെന്ന് കണ്ട് പിടിക്കണം. ചുമതല സുഹൃത്തിനെ ഏല്‍പ്പിച്ചു.അതിരാവിലെ എണീക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണന്ന് ഞാന്‍ പറയാതെ തന്നെ അവന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതാണ് സുഹൃദ്ബന്ധത്തിന്റെ ശക്തി!
സുഹൃത്ത് പാല്‍ക്കാരന്‍ വരുന്നതിന് മുന്നേ എണീറ്റ് പുറത്ത് മറഞ്ഞിരുന്നു.

പാല്‍ക്കാരന്‍ വന്നു. കവറിട്ടു. മടങ്ങിപ്പോയി.

സുഹൃത്ത് ചെന്ന് കവര്‍ പരിശോധിച്ചു.
ഇല്ല. ഒരു കുഴപ്പവുമില്ല.
പിന്നെ എന്താണ് കുഴപ്പം?
എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് പിടിച്ചിട്ട് തന്നെ കാര്യം.
സുഹൃത്ത് കവറവിടെ തന്നെയിട്ടു. കുറച്ചകലത്തോട്ട് മാറിനിന്നു.
അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല. വരുന്നൂ തടിമാടന്‍ ഒരുത്തന്‍!
കൊടുത്തൂ കവറിനിട്ടൊരടി.
പാല് പുറത്തേയ്ക്ക് ചാടി.
സുഹൃത്ത് കള്ളനെക്കിട്ടിയ സന്തോഷത്താല്‍ ഉറക്കെ വിളിച്ച് കൊണ്ട് അകത്തേയ്ക്ക് വന്നു.
"കെടച്ചെടാ...കെടച്ചെട."
"ഉറക്കം കെടുത്താതെ കാര്യം പറ." ഞാന്‍ പറഞ്ഞു.
"പാല് കള്ളനെ ഞാന്‍ കണ്ടു...
പൂച്ച...ഒരു വലിയ പൂച്ച."
സുഹൃത്ത് ആകെ ബഹളം.
"പൂച്ചയോ? എനിക്ക് കൗതുകമായി."
പാല് മോഷണത്തിന്റെ ഹൈദ്രാബാദ് വേര്‍ഷന്‍!

കൂട്ടുകാരന്‍ നേരത്തേ എണീറ്റതുകൊണ്ട് മറ്റൊരുകാര്യം കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു. അടുത്ത ഫ്ളാറ്റിലുള്ളവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കാം. അവര്‍ വാതുക്കലൊരു സഞ്ചി തൂക്കിയിടുന്നുണ്ട്. അതിലാണ് പാല്‍ക്കാരന്‍ കവറിടുന്നത്.
ഞങ്ങളും കവര്‍ തൂക്കാന്‍ തുടങ്ങി.
രണ്ട് ദിവസത്തേയ്ക്ക് പ്രശ്നമില്ലായിരുന്നു. മൂന്നാം ദിവസം ദാ കെടക്കുന്നു!
പാല് കവറില്‍ നിന്നും ഇറ്റിറ്റ് വീഴുന്നു.

കള്ളന്‍ ഇംപ്രൂവായി!

ഒന്ന് ചാടി അടിച്ചാലെന്താ അവന് പാല് കിട്ടിയാല്‍ പോരേ. അതോടെ ഞങ്ങള്‍ പ്ളാസ്റ്റിക് കിറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തി.ഒരു തുണി സഞ്ചി വാങ്ങി കുറേ കൂടി ഉയരത്തില്‍ തൂക്കി.

സംഗതിയേറ്റു. പാല് മോഷണം നിന്നു. ഞാനും സുഹൃത്തും കല്യാണമൊക്കെ കഴിഞ്ഞ് വേറെ വേറെ മാറി.
കള്ളന്‍ വേറെ ബാച്ചിലേഴ്സിനെ തേടിപ്പോയിക്കാണും!

വര്‍ഷങ്ങള്‍ കഴിഞ്ഞു. പൂച്ചയേയും പാല് മോഷണത്തേയും ഞാന്‍ മറന്നു.
എങ്കിലും ശീലമായിപ്പോയതിനാല്‍ പഴയ സഞ്ചി ഇപ്പോഴും തൂക്കിയിടാറുണ്ട്. വളരെ ഉയരത്തിലല്ലയെന്ന് മാത്രം.
ഞാന്‍ മറന്നെങ്കിലും പൂച്ച എന്നെ മറന്നില്ലന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അവന്‍ തേടിപ്പിടിച്ച് പിന്നേയും എന്തിനു വന്നു.

ഇന്ന് ചായകുടി മുട്ടിയ സ്ഥിതിക്ക് നാളെ മുതല്‍ വീണ്ടും ഉയരത്തില്‍ തൂക്കണം. പൊട്ടിയ കവര്‍ സിങ്കില്‍കൊണ്ട് തട്ടുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു.

അപ്പോഴത്തേയ്ക്കും ദാ വരുന്നു ശകാരം. ശ്രീമതിയുടെ വക.
"ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വണ്ണം ചെയ്യുകേലന്നുവെച്ചാല്‍..."

"ഒരു ദിവസം പാല്‍ചായയില്ലന്ന് വെച്ച് ആകാശമൊന്നുമിടിഞ്ഞ് വീഴാന്‍ പോണില്ല. കെടന്ന് ബഹളം വെയ്ക്കാതെ പോയി കട്ടന്‍ചായയുണ്ടാക്ക്..." അല്ലാതെ ഞാനെന്ത് പറയാന്‍...

ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്!

23 comments:

ശ്രീ said...

സതീശേട്ടാ...

“ഠേ!”

പേടിക്കണ്ട. പാല്‍‌ക്കവര്‍‌ പൊട്ടിയതല്ല.
നല്ലൊരു നാളികേരം എന്റെ വക ഉടച്ചതാ...

നല്ല രസകരമായ അവതരണം.

“ഞാന്‍ മറന്നെങ്കിലും പൂച്ച എന്നെ മറന്നില്ലന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അവന്‍ തേടിപ്പിടിച്ച് പിന്നേയും എന്തിനു വന്നു.”

അതാണ്‍ സ്നേഹം എന്നു പറയുന്നത്. നമ്മള്‍‌ മറന്നെന്നു വച്ച് പുച്ച നമ്മളെ മറന്നില്ലല്ല്ലോ.

ഹിഹി.
[എന്നിട്ട് സത്യത്തില്‍‌ അന്ന് കട്ടന്‍‌ ചായ ഉണ്ടാക്കിയതാരാ? ;)]

Sathees Makkoth | Asha Revamma said...

ഛേഛേ...
ആവശ്യമില്ലാത്തകാര്യങ്ങള്‍ ചോദിക്കാതെ ശ്രീ.

Rasheed Chalil said...

:)

സഹയാത്രികന്‍ said...

ഹൈദ്രാബാദ്‌ലു പാല്‌ലു പൂച്ചലു പൊട്ടിക്കലൂ... ഹൊ....കഷ്‌ടലൂ...

എന്തായാലും കൊള്ളാം... നന്നായി...ഹി..ഹി...ഹി :)

ഓ:ടോ : ടാ...ശ്രീ ഈ മാതിരി കൊനഷ്‌ട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ...!
അല്ല സതീശേട്ടാ....“ഒരു ദിവസം പാല്‍ചായയില്ലന്ന് വെച്ച് ആകാശമൊന്നുമിടിഞ്ഞ് വീഴാന്‍ പോണില്ല. കെടന്ന് ബഹളം വെയ്ക്കാതെ പോയി കട്ടന്‍ചായയുണ്ടാക്ക്..." സത്യത്തില്‍ ഇത് സതീശേട്ടന്‍ തന്നെ പറഞ്ഞതാണോ...!
:)

ദിലീപ് വിശ്വനാഥ് said...

സതീഷേട്ടാ, ഇതു എങ്ങനെ സംഭവിച്ചു? അല്ലാ... സത്യത്തില്‍ എന്താണ് സംഭവിച്ചത്?

കുഞ്ഞന്‍ said...

ആകെ മൊത്തം കണ്‍ഫൂഷ്യന്‍..അവസാന വരി ചേച്ചി തന്നെയല്ലെ പറഞ്ഞത്..? അല്ലാന്നു പറഞ്ഞാലും ഞാന്‍ അത് ചേച്ചി പറഞ്ഞതായി എടുക്കുന്നു..ഹല്ല പിന്നെ..

കവര്‍ പൊട്ടുന്നതിന്റെ സൂത്രം മനസ്സിലാക്കാന്‍ കൂട്ടുകാരനെ വിട്ടത് ശരിയായില്ല..വെളുപ്പാങ്കാലത്ത് എണീക്കുകയെന്നുവച്ചാല്‍..:).. എന്നാലും സ്വയം ഒളിച്ചിരുന്ന് കള്ളനെ പിടിക്കാന്‍ തോന്നിയില്ലല്ലൊ..!

സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു..!

Santhosh said...

ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്...

കറക്റ്റ്!! അതിനു പകരം കഥ എന്ന ലേബലിട്ട് ബ്ലോഗിലിടുക. ആരും സംശയിക്കില്ല:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഈ ടൈപ്പ് പൂച്ചകളെ ബാംഗ്ലൂരില്‍ കാണാത്തതെന്താ? [ഓ അതിനു മിനിമം പാല്‍ക്കാരന്റേന്ന് പാലു വാങ്ങണം അല്ലേ‍]

ഓടോ: ആഷേച്ചീ ചേച്ചീടെ പടത്തിനു ഒരല്പം ഭദ്രകാളി ലുക്ക് വരുന്നുണ്ട് ട്ടാ :)

സതീഷേട്ടോ ഒരു തല്ലിനുള്ള ക്വട്ടേഷനാ മോളിലത്തെ വാചകം.കിട്ടിയാ അറീക്കണേ.

വേണു venu said...

അങ്ങനൊന്നും പൂച്ചകളെ മറപ്പിക്കാന്‍‍ നോക്കേണ്ട സതീശേ.:)

കൊച്ചുത്രേസ്യ said...

പറഞ്ഞില്ലെലും ഇതൊക്കെ എങ്ങനെയെങ്കിലും അറിയും കേട്ടോ..

എല്ലാരും ചോദിച്ചെങ്കിലും എന്റെ വകയായും കൂടി ഒരു ചോദ്യം ഇരിക്കട്ടെ..

"ആ കട്ടന്‍ ചായയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍
ശരിക്കും ആരുടേതാണ്‌??"

ഓടോ: ഞങ്ങള്‍ടിവിടേം ഇങ്ങനത്തെ പാലുമോഷ്ടാക്കളുണ്ടു കേട്ടോ. പക്ഷെ പൂച്ചയല്ല; കുരങ്ങാണ്‌..
ങേ ആര്‌ ചാത്തനാണോന്നോ.. യ്യോ അല്ല ഇതു ശരിക്കും കുരങ്ങ്‌ ഒറിജിനല്‍..)

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

Sherlock said...

അപ്പോ ആ ഗുണപാഠം ഇങ്ങോട്ടേടുത്തിരിക്കുന്നു..

“കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുത്” :)

തമനു said...

:)

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ.. നാക്കു ചാലാ നര്‍ച്ചിന്തി...

സതീഷേ,
അവസാനത്തെ കമന്റ്(കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്)നമ്മുടെ ബാച്ചി പിള്ളേര്‍ക്ക് ഒരു പാOo ആകട്ടെ.

കുട്ടിച്ചാത്തന്‍ said...

ഓടോ: അല്ലെങ്കിലും അഞ്ചെട്ട് ലിറ്റര്‍ പാലൊക്കെ ദിവസോം പാല്‍ക്കാരന്‍ വീട്ടിനു മുന്‍പില്‍ കൊണ്ട് വച്ചാല്‍ വല്ല കുരങ്ങന്മാരും കട്ട് കുടിക്കും.:)

ഓടോ‍: കമന്റിട്ട് മുങ്ങിയാല്‍ കാണൂലാന്ന് വിചാരിച്ചോ. സതീഷേട്ടോ മറുപടി ആര്‍ക്കാണെന്നറിയാലോ :)

ഗുപ്തന്‍ said...

അതങ്ങനെയാണ്. കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞാല്‍ ബാച്ചിക്കാലത്തെ കണ്ണടച്ച് പാലുകുടിക്കുന്ന കള്ള(ള്ളി)പ്പൂച്ചകള്‍ തിരിച്ചുവന്നുതുടങ്ങും....

കട്ടന്‍ ചായയില്‍ കാര്യങ്ങള്‍ നിന്നുകിട്ടിയാല്‍ ഭാഗ്യം :)

Sethunath UN said...

പക്ഷേ പ‌റയേണ്ടതു പോലെ പ‌റ‌ഞ്ഞാല്‍ .. :)

ചീര I Cheera said...

ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വണ്ണം ചെയ്യുകേലന്നുവെച്ചാല്‍..."

ii ഡയലോഗ് വളരെ ഇഷ്ടമായി.. അതിനുള്ളിലെ ദുഃഖവും മനസ്സിലാക്കുന്നു... :)

സാജന്‍| SAJAN said...

ഇത് കലക്കി സതീശേ,
പക്ഷേ ക്ലൈമാക്സാണല്ലൊ ക്ലൈമാക്സ്!
അങ്ങനെ നല്ലൊരു വീകെന്‍ഡ് എഴുന്നേറ്റപ്പഴേ കുളമായി അല്ലേ?

K M F said...

ഇഷ്ടമായി..

Sathees Makkoth | Asha Revamma said...

സഹയാത്രികാ എന്നെയങ്ങ് കൊല്ല്!
കുഞ്ഞാ എണിക്കാനാളുള്ളപ്പോള്‍ നമ്മളെന്തിനാ ബുദ്ധിമുട്ടുന്നത്. യേത്?
സന്തോഷ് -ശരിയാണ്:)
ചാത്താ ആഷയെ ഭദ്രകാളിയാക്കിയോ? ഞാനേതായാലും അങ്ങനൊന്നും പറഞ്ഞിട്ടില്ല.
വേണുച്ചേട്ടാ, പൂച്ചകള്‍ക്കും ഭയങ്കര ഓര്‍മ്മശക്തിയാണ്.
കൊച്ചുത്രേസ്യേ...കട്ടഞ്ചായ കുടിച്ചത് ഞാനാണ്.
പി.സി.പ്രദീപ്. അതേ പിള്ളേര് പഠിക്കട്ടെ.
മനു:)
kmf,സാജന്‍,നിഷ്ക്കളങ്കന്‍,വാല്‍മീകി,ഇത്തിരിവെട്ടം,ജയകേരളം, ജിഹേഷ്,തമനു,പി.ആര്‍ എല്ലാവര്‍ക്കും നന്ദി.

J Thomas said...
This comment has been removed by the author.
J Thomas said...

പൊട്ടിയതും പൊട്ടാത്തതുമായ ഹൈദരാബാദ് ഓര്‍മ്മകളുടെ ഒരു സഞ്ചി ഞാനും തുക്കിയിടുന്നു.
http://veliyil.blogspot.com/2007/11/blog-post_18.html‍